Search This Blog

മനസ്സില്‍ നിന്നുയരുന്ന തീ

വെള്ളം നിറച്ച വലിയ  തുകല്‍ സഞ്ചിയുമായി മരുഭൂമിയിലൂടെ പോകുന്ന  ഒരു സ്ത്രിയെ പ്രവാചക ശിഷ്യന്‍ അലി  കണ്ടു.അലിയുടെ മനസ്സ്‌ വല്ലാതെ വേദനിച്ചു .തുകല്‍ സഞ്ചി അവളുടെ ചുമലില്‍ ആണെങ്കിലും അതിനേക്കാള്‍ ഭാരം അലിയുടെ  മനസ്സില്‍ വന്നുലച്ചു. സഹായത്തിന് മറ്റാരുമില്ലാത്തതിനാലായിരിക്കും അവളതും പേറി പോകുന്നതെന്ന് ചിന്തിച്ച അലി അവളെ സഹായിക്കാന്‍ സന്നദ്ധനായി.അലി വെള്ളപ്പാത്രവുമായി അവളുടെ വസതി ലക്ഷ്യമാക്കി നടന്നു.വീട്ടിലെത്തിയ ശേഷം അവളുടെ സ്ഥിതിഗതികളന്വേഷിച്ചു .തനിക്കാരുമില്ലെന്നും തന്റെ പ്രാണനാഥന്‍ രാജ്യസേവനത്തില്‍ കഴിയവേ കൊല്ലപ്പെട്ടുവെന്നുള്ള വിവരം ആ സ്ത്രീ അദ്ദേഹത്തോട് പറഞ്ഞു.വ്യസനവും,സഹതാപവും കൊണ്ട് അലിയുടെ ശരീരം ഉരുകാന്‍ തുടങ്ങി.അന്ന് രാത്രി അലിയുടെ കരയുന്ന നയനങ്ങള്‍ ഉറങ്ങിയില്ല.പിറ്റേന്ന് രാവിലെ ഭക്ഷണ സാധനങ്ങളുമായി അദ്ദേഹം ആ ഭവനത്തിലെത്തി .മാംസം പാകം ചെയ്തു അവളുടെ കുട്ടികള്‍ക്ക് നല്‍കി അവരെ തലോടികൊണ്ട് അദ്ദേഹം വിതുമ്പി :" നിങ്ങളെ ഞാനറിഞ്ഞില്ലല്ലോ  ? അറിയാതെ പോയതിന് അലിയോട് പൊറുക്കണം "അനന്തരം കത്തുന്ന അടുപ്പിലേക്ക് അദ്ദേഹം ചേര്‍ന്ന്‍ നിന്നുകൊണ്ട് ആത്മഗതം ചെയ്തു :"അലി ഈ ചൂട് അനുഭവിക്കുക ,എങ്കിലേ ഇത്തരം വീഴച്ചകള്‍ക്ക് നരകത്തീയിന്റെ ചൂട് നിനക്കോര്‍മ്മ വരികയുള്ളു വെന്നാണ് തോന്നുന്നത് " അലിയുടെ മനസ്സില്‍ അടുപ്പിനേക്കാള്‍ വലിയ അഗ്നി പടര്‍ന്നു .




      "സകലരും പേറുന്ന  വേദനാ സകലതും
സ്വന്തമായി വാങ്ങി വഹിക്കമൂലം
ഉത്തരവാദിത്ത  വണ്ണം പെരുത്തവ -
രുത്തമരാം മഹിതാപുരൂഷര്‍!"

ആനന്ദചിത്തനായ തോട്ടി


گرامی داشتم ای نفس ازآنت
که آسان بگذرد بردل جهانت

(പേർഷ്യൻ കവിത)
ഹേ! ശരീരമേ ഞാൻ ആദരിക്കുന്നു  നിന്നെ,
നിൻ അവസ്ഥ സുഭിക്ഷം എത്ര സുഗമം!

ഹമദാനിന്റെ വീഥികളിൽ പ്രഭാതകിരണങ്ങൾക്കൊപ്പം കേട്ട
 ആനന്ദലബ്ദ്ധമായ വരികൾ അവിസെന്നയുടെ കുതിരയുടെ കുളമ്പടികളെ ഒരു നിമിഷം സതംഭ്തമാക്കി. ഷംസ് അൽ-ദൗലയുടെ ഭരണകാലം താൻ അദ്ദേഹത്തിന്റെ സ്നേഹസമ്പന്നനായ മന്ത്രിയും. ഈരടികൾ കേട്ടഭാഗത്തേക്ക് മഹാഭിഷഗ്വരന്റെ കണ്ണുകൾ പരതി,ചെവികൾ കൂർപ്പിച്ചു.പാതയോരത്തെ മാലിന്യച്ചാലിൽ പണിയെടുക്കുന്ന ഒരു തോട്ടിയുടെ ചുണ്ടിൽ നിന്നാണാവരികൾ.അഴുക്ക് നീക്കം ചെയ്യുന്ന താഴ്ന്നപണിക്കാരൻ ആത്മഹർഷം സുഫുരിക്കുന്ന പാട്ട് പാടിയത് അവിസെന്നയിൽ ചിരിയും ജിജ്ജാസയും ഉളവാക്കി.അതിന്റെ കാരണമാരായാൻ തോട്ടിയെ അടുത്തേക്ക് വിളിപ്പിച്ച് നിന്ദാസ്വരത്തിൽ ചോദിച്ചു:'ഈ പണിയിൽ എന്താണിത്ര അഭിമാനിക്കാനുള്ളത്?' വേഷഭൂഷാദികളിൽ തന്നെ ഒറ്റനോട്ടത്തിൽ ചോദ്യകർത്താവ് മഹാതത്വജ്ഞാനിയും മന്ത്രിയുമായ അവിസെന്നയാണെന്നു അയാൾ എളുപ്പം മനസ്സിലാക്കി.അയാൾ വിനയാന്വിതനായി പറഞ്ഞു:'ഈ ജോലി എനിക്ക് വളരെ പ്രിയപ്പെട്ടതാണ്‌.എന്തുകൊണ്ടെന്നാൽ,നിങ്ങളെ പോലെ മറ്റൊരാളുടെ അടിമയായി കഴിയേണ്ട ഗതികേട് ഈ ജോലിയിൽ ഇല്ലല്ലോ.നിങ്ങൾക്കെന്നും രാജാവിനെ മുഖം കാണിക്കണം.അദ്ദേഹത്തിന്റെ മുന്നിൽ ശിരസ്സ് കുനിക്കണം.എനിക്കോ ആരുടെയും അടിമയാവാതെ സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നു.ആനന്ദലബ്ധിക്ക് ഇതിൽ പരം എന്തുവേണം?'.അവിസെന്ന തോട്ടിയുടെ വാക്കുകൾ കേട്ട് ലജ്ജിച്ചു തലതാഴ്ത്തി ഒന്നും മിണ്ടാതെ സ്ഥലം വിട്ടുവത്രെ.

വാല്‍ : എന്തുണ്ട് വിശേഷം ? എന്ന ചോദ്യത്തിന് ഒരു കവി മറുപടി നല്കിയത്
 "ന ഉറൂജ് അച്ചാ ന സവാല്‍ അച്ചാ!
ജിസ് ഹാല്‍ പെ റബ് നേ രഖാ ,വോ  ഹാല്‍ ഹെ അച്ചാ!"

(ഉയര്‍ച്ചയും താഴ്ച്ചയുമല്ല സൌഖ്യം, ദൈവം വിധിച്ച അവസ്ഥ തന്നെ സൌഖ്യം !)-ഉര്‍ദു കവിത

പിപ്പീലികര്‍ കണ്ട ചിത്രം





ചിത്രകാരന്റെ ക്യാന്‍വാസില്‍ വീണ ഉറുമ്പ് അതിശയപ്പെട്ടു.എത്ര മനോഹരമായി ഈ ബ്രഷ് ചിത്രം വരക്കുന്നു .ഈ അതിശയം തന്റെ കൂട്ടുകാരുമായി അവന്‍ പങ്ക് വെച്ചു .അതൊരു ചര്‍ച്ചയില്‍ കലാശിച്ചു .ആദ്യത്തെ പിപ്പീലിക പറഞ്ഞു :"അതുല്യ കാലാ വൈഭവം കുഞ്ചത്തിന്റെ തന്നെ !".മറ്റൊരു ഉറുമ്പ് പറഞ്ഞു :"സത്യത്തില്‍ തൂലിക പിടിച്ച അന്ഗുലികളുടെ കഴിവാണത്"."പ്രകോഷ്ടാസ്ഥിയാണ് യഥാര്‍തത്തില്‍ കഴിവുള്ളവന്‍ "എന്ന് മൂന്നാമാതോരുത്തന്‍ പറഞ്ഞു .നാലാമാത്തവന്‍ വാദിച്ചു :  "  കൈതണ്ട തിരിയുന്നത് ഒരു മനുഷ്യ ശരീരത്തില്‍ നിന്നാണ് ". ഇങ്ങനെ കാര്യകാരനങ്ങളെ അവര്‍ ചര്‍വിത ചര്‍വണം നടത്തി .കൂട്ടത്തില്‍  ബുദ്ധിജീവിയായ ഉറുമ്പ് പറഞ്ഞു : "അതൊന്നുമല്ല,ഉറക്കത്തിലോ ,മരണശേഷമോ ഇല്ലാത്ത ചിത്രകലാ വൈഭവം ഭൌതിക ശരീരത്തില്‍ നിന്നും ഉത്ഭവിക്കുന്നതല്ല.ബുദ്ധിയും ,ആത്മാവുമാണതിന്റെ പിന്നില്‍ ".എല്ലാ വാദമുഖങ്ങളും ശ്രവിച്ച ഏറ്റവും ധിഷണാശാലിയായ ഉറുമ്പ് പറഞ്ഞു :"കൂട്ടരേ .ബുദ്ധിയേയും ആത്മാവിനെയും സചേതനമായ്ക്കുന്നത് ദൈവത്തിന്റെ ഇച്ഛാശക്തിയാണ് .ദൈവം അത് പിന്‍വലിക്കുന്ന നിമിഷം എല്ലാ സര്‍ഗശേഷിയും ,ഉപകരണങ്ങളും അചേതനമാകും ".   






www.modemcare.com

കടവും കടപ്പാടും







ഖുര്‍ആന്‍ ഇംഗ്ളീഷ്ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യത്തെ മുസ്ലിം മുഹമ്മദ് മര്‍മഡ്യൂക്ക് പിക്താളാണ്. അദ്ദേഹം ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഉദ്യോഗസ്ഥനായി മധ്യപൂര്‍വദേശത്ത് താമസിച്ചുവരികയായിരുന്നു. ഒരു ദിവസം വിചിത്രമായ ഒരു സംഭവമുണ്ടായി. പിക്താള്‍ താമസിക്കുന്ന ഫ്ളാറ്റിന്റെ തൊട്ടുമുമ്പിലെ വീട്ടില്‍നിന്ന് ഒരു ബഹളം കേട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ വീട്ടുടമ ആരോഗ്യവാനായ ഒരു ചെറുപ്പക്കാരനെ രൂക്ഷമായി ആക്ഷേപിക്കുകയും ക്രൂരമായി അടിക്കുകയും ചെയ്യുന്നതാണ് കണ്ടത്. യുവാവ് പകരം എന്തെങ്കിലും പറയുകയോ തിരിച്ചടിക്കുകയോ ചെയ്യുന്നില്ല. ഇതില്‍ അത്ഭുതം തോന്നിയ പിക്താള്‍ ആ ചെറുപ്പക്കാരനെ അടുത്തു വിളിച്ച് കാര്യം അന്വേഷിച്ചു. "ഞാന്‍ അദ്ദേഹത്തോട് അല്‍പം പണം കടം വാങ്ങിയിരുന്നു. നിശ്ചിത അവധിക്ക് തിരിച്ചുനല്‍കാന്‍കഴിഞ്ഞില്ല. അതിനാലാണ് അദ്ദേഹം എന്നെ ശകാരിച്ചതും അടിച്ചതും''- ആ യുവാവ് സംഭവം വിശദീകരിച്ചു. "നിനക്ക് അയാളേക്കാള്‍ ആരോഗ്യമില്ലേ? എന്നിട്ടും എന്തിനാണ് കൈയും കെട്ടി അടികൊള്ളുന്നത്? അങ്ങോട്ടും തിരിച്ചടിച്ചുകൂടേ?'' പിക്താള്‍ ചോദിച്ചു. "കടം വാങ്ങിയാല്‍ നിശ്ചിത അവധിക്ക് തിരിച്ചുനല്‍കണമെന്ന് മുഹമ്മദ് നബി കല്‍പിച്ചിരിക്കുന്നു. കരാര്‍ പാലിക്കണമെന്ന് പ്രത്യേകം നിഷ്കര്‍ഷിക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ കരാര്‍ ലംഘിച്ചിരിക്കുന്നു.അതൊരു തെറ്റ്. എന്നേക്കാള്‍ പ്രായമുള്ള ആളെ അടിച്ച് രണ്ടാമതൊരു തെറ്റും കൂടി ചെയ്യുകയോ? അതൊക്കെയും നബിതിരുമേനി വിലക്കിയ കാര്യമാണ്.''ആ യുവാവിന്റെ ഈ വാക്കുകള്‍ പിക്താളിനെ അത്ഭുതസ്തബ്ധനാക്കി. നൂറ്റാണ്ടുകള്‍ക്കപ്പുറം കടന്നുപോയ മുഹമ്മദ് സാധാരണക്കാരനായ ഒരു ചെറുപ്പക്കാരനെ ഇത്രയേറെ സ്വാധീനിക്കുകയോ? ഈ ചിന്ത പിക്താളിനെ പ്രവാചകനെപ്പറ്റി പഠിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. 

ഒരു പേരിൽ എന്തിരിക്കുന്നു?

‎"ഹുമയൂൺ" ആ പേരിനർത്ഥം ഭാഗ്യവാൻ എന്നാണെങ്കിലും ജീവിതത്തിൽ ഇത്രയേറെ നിർഭാഗ്യവാനായ ഒരു മുഗൾ ചക്രവർത്തിയില്ല.ബാബർ ബദാഖ്ശാനിലേക്ക ഹുമയൂണിന്റെ ന്വേതൃത്വത്തിൽ നടത്തിയ പട പരാജയത്തിൽ കലാശിച്ചു.1539-ൽ ചൗസയിൽ വച്ചും 40-ൽ കാനൂജിൽ വച്ചും തുടരെ രണ്ട് വട്ടം ഷേർഷ ഹുമയൂണിനെ പരാജയപ്പെടുത്തി.ഇതിനെത്തുടർന്ന​് ഹുമായൂൺ ദില്ലിവിട്ട് പലായനം ചെയ്തു. സിന്ധ്, ബലൂചിസ്താൻ വഴി 1543-ൽ കന്ദഹാറിലെത്തിയ ഹുമായൂണിനെ സ്വന്തം സഹോദരനും കന്ദഹാറിലെ ഭരണാധികാരിയുമായിരുന്ന അസ്കാരി മിർസ പോലും നഗരത്തിൽ പ്രവേശിക്കാനനുവദിച്ചില്ല. തന്റെ ഗ്രന്ഥശാലയുടെ പടിക്കെട്ടിൽ നിന്നും കാൽ തെന്നിവീണ് പരിക്കേറ്റ ഹുമായൂൺ അഞ്ചുമാസത്തോളം ശയ്യാവലംബനാകുകയും 1556 ജനുവരിയിൽ മരണമടയുകയും ചെയ്തു.



വാൽ:"ഒരു പേരിൽ എന്തിരിക്കുന്നു" എന്നാരും ശബ്ദിച്ചു പോകരുത്.കാരണം ഒരു പേരിലാണ് പലരും ഇരുന്ന് പോയത്‌.

ഒട്ടകത്തിന്റെ മാസക്കാല കോഴ്സ്

ഇത് മാസക്കാലക്കോഴ്സുകളുടെ പെരുമഴക്കാലം.എവിടെ തിരിഞ്ഞ് നോക്കിയാലും അവിടെല്ലാം മാസക്കാലക്കോഴ്സുകളുടെ വർണ്ണഫലകങ്ങൾ മാത്രം.3 മാസം കൊണ്ട് ഇംഗ്ലീഷ് സംസാരിക്കാം,1 മാസം കൊണ്ട് മൊബൈൽ റിപ്പയറിങ്ങ്,വെറും ഏഴു ദിവസം കൊണ്ട് മൂലക്കുരു സുഖപ്പെടുത്താം ഇങ്ങനെ ഇങ്ങനെ നീളുന്ന വാഗ്ദാനങ്ങൾക്ക് കയ്യും കണക്കുമില്ല.ഇതെല്ലാം കാണുമ്പോൾ ഒരു അറേബ്യൻ നാടോടി കഥ ഓർമ്മവരും.സരസമായ ആ കഥ നിങ്ങളുമായി പങ്ക് വെക്കുന്നു.



ഒരിക്കൽ ഒരു ഭരണാധികാരി തന്റെ പ്രിയപ്പെട്ട ഒട്ടകത്തെ അറബി വ്യാകരണം പഠിപ്പിക്കാൻ അതിയായി ആഗ്രഹിച്ചു.ചുറ്റുവട്ടത്തുള്ള ഒരു അറബിവിദ്വാനെ ഇതിനായി കണ്ടെത്താനും കല്പനയിറക്കി.ഹാജറാക്കപ്പെട്ട ഭാഷപണ്ഡിതനോട് രാജാവ് കല്പിച്ചു:"വെറും മൂന്നുമാസം കൊണ്ട് എന്റെ ഒട്ടകത്തിനു അറബി ഭാഷയും വ്യാകരണവും നന്നായി പഠിപ്പിക്കണം.വാഗ്ദാനം നിറവേറ്റിയാൽ നിനക്ക് അളവറ്റ സമ്മാനം.അല്ലെങ്കിൽ കഴുത്ത് ഞാൻ വെട്ടും".പണ്ഡിതൻ പറഞ്ഞു:"നടക്കാത്ത കാര്യമാണത്".അയാളുടെ കഴുത്ത് വെട്ടി.രണ്ടാമതൊരുത്തൻ വന്നുവെങ്കിലും ഇത് തന്നെ സംഭവിച്ചു.മൂന്നമത് വന്നവനു മുൻപുള്ള രണ്ട് പേരുടെ ഗതി മനസ്സിലായി.അയാൾ പറഞ്ഞു:" സംഗതി നടപ്പുള്ളതാണ്,പക്ഷെ ഞാൻ ആവശ്യപ്പെടുന്നതെന്ത് സൗകര്യവും ചെയ്ത് തരണം".രജാവ് സമ്മതിച്ചു.ഒട്ടകത്തിനെയും പണ്ഡിതനേയും സകല സൗകര്യങ്ങളോടും താമസിപ്പിച്ചു.പണ്ഡിതന്റെ സ്നേഹിതന്മാർ ചോദിച്ചു:" എങ്ങനെ ഒട്ടകത്തെ അറബി പഠിപ്പിക്കും?".അയാൾ ചിരിച്ചുകൊണ്ട് നിസ്സാരമട്ടിൽ പ്രതികരിച്ചു:" ഈ മൂന്ന് മാസം സുഖമായി ജീവിക്കാം.ഈ കാലയളവിൽ ഒന്നിരിക്കൽ രാജാവ് തട്ടിപ്പോകും.അല്ലെങ്കിൽ ഈ ഒട്ടകത്തിനെ ഞാൻ തട്ടും".

ഓടക്കുഴലിന്റെ പ്രരോദനം

വിരഹത്തിൻ കഥകൾ ചൊല്ലുമോടക്കുഴലിതിൻ
വിധുരവാണികൾക്കായി കാത്തോർത്തിരിക്കുവിൻ
മുളങ്കാട്ടിൽ കഴിഞ്ഞോരെന്നെ വെട്ടിവേറെയാക്കിയില്ലേ,
അന്നുതൊട്ടെൻ കണ്ണീരിനാൽ കരയുന്നു നരരും നാരിമാരും
വിരഹത്താൽ വിണ്ടു കീറുമൊരു ഹൃദയമുണ്ടേൽ,
തുറന്നിട്ടെയെൻ പ്രണയവേദനയിതിലേക്കു ഞാൻ.
സ്രോതം വിട്ടകന്നു വിദൂരതയെ പുൽകിയോർ
തേടിയലയുന്നു വീണ്ടും സ്രോതസ്സിൽ ചേർന്നിടാൻ.
ജനസഞ്ചയത്തിനു നടുവിലും തുറന്നിടും ഞാനെൻ രോദനം
ഇഷ്ടരാകിലും,അവർ ദീനരാകിലും,തപ്തചിത്തരാകിലും.

                     
                                                                                                                          -മസ്നവി റൂമി.